(ഒരു യാത്രാ കുറിപ്പ്)
നന്ദി ഹിൽസിലെ മനോഹരമായ സൂര്യോദയം കണ്ടു ഏകദേശം പത്തു മണിയോടെ അവിടുന്നു ഞങ്ങൾ തിരിച്ചു.. പിന്നെ അടുത്തുള്ള ഒരു വെള്ളച്ചാട്ടമാണു ലക്ഷ്യം...തനി ഗ്രാമീണ പ്രദേശത്തിലൂടെയായിരുന്നു യാത്ര... വഴിയിൽ മുന്തിരിത്തോട്ടങ്ങളും പൂഷ്പക്യഷികളും എല്ലാം പലയിടത്തും കാണാം.... റോഡിൽ നിന്നും കുറച്ചു ദൂരയായി കാണുന്ന ചെറിയ കുന്നുകളില്ലാം വലിയ ഉരുളൻ പാറകൾ തലയുയർത്തിൽ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.. വിജനമായ റോഡുകളിൽ ഇടക്കിടക്ക് വാഹനങ്ങൾ കാണാം... റോഡിനിരുവശത്തും അവിടെവിടെയായി ചെറിയ വീടുകൾ , ചില വീടുകൾ കല്ലിന്റെ വലിയ പാളികൾ കൊണ്ട് ചുറ്റും വേലികെട്ടിയിരിക്കന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു..
യാത്രക്കിടയിൽ യാദ്യശ്ചികമായാണു ഒരു കൊച്ചു ഗ്രാമീണ സ്കൂളിന്റെ മുന്നിൽ കുറേ കുട്ടികൾ ഫാൻസി ഡ്രസ്സിനെന്ന പോലെ പല വേഷത്തിൽ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്.. അവിടെ എന്തോ പ്രോഗ്രാം നടക്കുന്നെന്ന് മനസിലായി... വിവേകിന്റെ ക്യാമറക്ക് വയറു നിറക്കാൻ പാകത്തിൽ അവിടുന്നു കിട്ടുമെന്നു തോന്നി... വണ്ടി സൈഡാക്കി ഞങ്ങൾ ഇറങ്ങി... പക്ഷെ.. അവിടെ പോയി ഫോട്ടോ എടുത്താൽ ചിലപ്പോ പിള്ളാരു കല്ലെടുത്തെറിയുമോ.. നാട്ടുകാരു പിടിച്ച് മരത്തിൽ കെട്ടിയിടുമോ എന്നിത്യാതി ഭയത്തോടെയാണു ഞങ്ങൾ നടന്നത്... അവസാനം രണ്ടും കല്പിച്ച അവിടേക്ക് പോയി... അവിടെ കയറി അവിടെയുണ്ടായിരുന്ന ഒരു അദ്ധ്യാപകനോട് കാര്യങ്ങൾ പറഞ്ഞു.. കേരളത്തീന്ന് വരുവാണു.. നിങ്ങടെ ഞങ്ങൾ പ്രോഗ്രാം കണ്ടോട്ടെ.. ഫോട്ടോ എടുക്കുന്നതിൽ വിരോധം ഉണ്ടോ എന്നൊക്കെ അന്വേഷിച്ചു... അവരും ഡബിൾ ഓകെ..
സ്വാമി വിവേകാനന്ദന്റെ ജന്മദിനം പ്രമാണിച്ചു നടത്തുന്ന പ്രോഗ്രാം ആയിരുന്നു അത്... കുറേ കുട്ടികൾ സ്വാമി വിവേകാനന്ദൻ, ഗാന്ധിജി,സുബാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്.. തുടങ്ങി പല വേഷത്തിൽ ഒരു ബഞ്ചിൽ ഇരിക്കുന്നു.. കാണാൻ ഒരു നൂറോളം കുട്ടികൾ നിലത്ത് ഇരിക്കുന്നു.. ... ഏതാണ്ട് അന്യഗ്രത്തീന്നു വന്ന ജീവികളെ കണ്ട കണക്കേ എല്ല്ലാരും ഞങ്ങളെ നോക്കുന്നു.. പിന്നെ ആകെപ്പാട് ബഹു രസം...
പ്രോഗ്രാം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.. വിശിഷ്ടാതിഥികള് കണക്കെ ഞങ്ങളെ പിടിച്ചു വേദിയിൽ ഇരുത്തി...ഈശ്വരാ ഈ പാപികളോട് പൊറുക്കണേ... ഞാൻ മനസിൽ പ്രാർഥിച്ചു... ഒരു അദ്ധ്യാപകൻ ഞങ്ങളെ എല്ലാവർക്കുമായി അവിടെ പരിചയപ്പെടുത്തി... പ്രോഗ്രാമിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നു വന്നവരാണു.. എന്നൊക്കെ അങ്ങേരു കാച്ചി.. പിള്ളാരും അവരുടെ കൂടെയുള്ള അമ്മമാരുമൊക്കെ ഭയങ്കര കയ്യടി...
“ഈശ്വരാ ഞങ്ങൾക്ക് വട്ടാതാണൊ അതോ നാട്ടുകാർക്കൊ മുഴുവൻ വട്ടായതാണോ” മായാവിയിലെ സലീം കുമാറു ചോദിച്ചപ്പോലെ ഞങ്ങൾ പരസ്പരം ചോദിച്ച് ഉള്ളിൽ ചിരിച്ചു.. ശേഷം അധ്യാപകർ എന്തൊക്കെയോ സംസാരിച്ചു.. കന്നട ഒന്നും എനിക്ക് മനസിലായില്ല...ഉത്ഘാടന ശേഷം. സ്വാമി വിവേകാന്ദനെ കുറിച്ച് പിള്ളാരോട് ഞങ്ങളിൽ ആരെങ്കിലും സംസാരിക്കണം എന്നു പറഞ്ഞ് മൈക്ക് കൈമാറി.. പെട്ടു എന്നു പറഞ്ഞാമതിയല്ലോ.... !!
ഒടുക്കം, അഖിൽ ഷാൻ സംസാരിക്കാമെന്നേറ്റു... അവൻ മൈക്ക് വാങ്ങി പറഞ്ഞു തുടങ്ങി.. ആദ്യം തന്നെ അവരുടെ കൂടെ ആ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തി ഏതാനും വരികൾ പറഞ്ഞു ... സ്വാമി വിവേകാനന്ദനെ കുറിച്ച് പറയാൻ ഒന്നും അറിയാത്തതിനാൽ പിന്നെ ചുളുവിൽ “ഏ.പി ജെ അബ്ദുൽകലാം എന്താണു പറഞ്ഞതെന്നു നിങ്ങൾക്കറിയുമോ കുട്ടികളെ..... .. ” എന്നു ചോദിച്ചു അവൻ ട്രാക്ക് മാറ്റി... പിള്ളാർക്കും അദ്ധ്യാപകർക്കും ഇംഗ്ലീഷ് ഇംഗ്ലീഷ് ഒന്നും അറിയാത്തതിനാൽ എല്ലാവരും ഭയങ്കര കയ്യടി... ഹാഹ്.. ശുഭം സുന്ദരം.. (പശുവിനെ കുറിച്ചെഴുതാൻ അറിയില്ലെങ്കിൽ പശുവിനെ തെങ്ങിൽ കെട്ടിയിട്ട്, തെങ്ങിനെ പറ്റി എഴുതുന്ന സിദ്ധാന്തം അവിടെ മനോഹരമായി അപ്ലൈ ചെയ്തു !!)
പട്ടിണി കിടക്കുന്നവന്റെ മുന്നിലേക്ക് ചക്കക്കൂട്ടാൻ വച്ചു നീട്ടിയ പോലെ ആയിരുന്നു വിവേകിന്റെ ആക്രാന്തം... അവിടെയില്ലാം പാറിപ്പറന്നു നടന്നു ഫോട്ടോ എടുത്തു.. അദ്ധ്യാപകരും വിദ്യാർഥികളും എന്തിനേറെ അവിടെ കഞ്ഞി വെക്കുന്ന ചേച്ചിവരെ ഫോട്ടോക്ക് പോസ് ചെയ്തു... ഒരു ഗാന്ധിജി വടി കൊണ്ട് കുത്തി ഭീഷണിപ്പെടുത്തി വരെ ഫോട്ടോ എടുപ്പിച്ചു... ആകെ മൊത്തം ടോട്ടൽ ബഹു ജോറ് എന്ന് പറഞ്ഞാൽ മതിയല്ലോ..... ഞങ്ങൾ വരുന്നവരെ മൊബൈൽ കാമറയിൽ ഫോട്ടോയെടുത്തിരുന്ന ഒരു സാറിനു ഇതത്ര പിടിച്ചില്ലേ എന്നൊരു സംശയം..! ടീച്ചേഴ്സിൽ പലരും വന്നു കൈ തന്ന് പരിചയപ്പെടൽ ഭാഷ ഒരു പ്രശ്നം ആയതിനാൽ പ്രത്യേകിച്ച് സംഭാഷണം ഒന്നും നടന്നില്ല അവരു തമ്മിൽ... ഗേറ്റിന്റെ പുറത്ത് നിന്ന് നാട്ടുകാരിൽ ചിലരു തലയിട്ട് ഇതാരപ്പാ ഈ പരിഷ്കാരികൾ എന്നമട്ടിൽ എത്തി നോക്കുന്നു.... എന്നെ പിടിച്ചു അവിടുത്തെ പ്രിൻസിപ്പൾ ആക്കിക്കളയുമോ എന്ന് വരെ ഒരുവേള ഞാൻ സംശയച്ചു... അത്രക്ക് വലിയ സ്വീകരണം...കൂട്ടത്തിൽ ഒരു പ്രായമുള്ള അദ്ധ്യാപകൻ വന്ന് ടിനോജിനോട് സാറു ഇവിടെ ഇരുന്നാട്ടെ എന്ന് പറഞ്ഞ് കസേര നീട്ടിയപ്പോ അവനാകെ വണ്ടറടിച്ചു എന്നു പറഞ്ഞാമതിയല്ലോ... അവൻ കസേരയുടെ സൈഡിൽ പിടിച്ചു ഷോക്കടിച്ചപോലെ നിന്നു.... അതോ ബോധക്ഷയം വരുമെന്നു പേടിച്ചിട്ടാണോ അങ്ങിനെ നിന്നത് എന്നെനിക്കൂഹമില്ല... മൊത്തത്തിൽ പ്രാഞ്ചിയേട്ടന്റെ ലൈനിൽ പറഞ്ഞാൽ പരിപാടി കളറായി... അവർക്കും ഞങ്ങൾക്കും..!
പിന്നെ കുട്ടികളുടെ കലാപരിപാടി.. ഓരോ വേഷം ധരിച്ച കുട്ടികളും വന്നു പ്രസംഗവും മറ്റും പറയുന്നു.. പാട്ടു പാടുന്നു.. വേഷങ്ങൾക്ക് അനുസ്യതമായ ഡ്രാമയോ മറ്റോ ഒന്നും കണ്ടില്ല.. ചെയ്യുന്ന പ്രസംഗത്തിനോട് നീതി പുലർത്താൻ ഓരോരുത്തരും വേഷം അണിഞ്ഞതാണെന്നു തോന്നു... പലരും കൈയിൽ ഉള്ള കുറിപ്പിൽ നോക്കി മനസിരുത്തി വായിക്കുന്നത് കാണാം.. കാഴ്ചക്കാരായി വന്ന കുട്ടികൾ എല്ലാം മണ്ണിൽ ചമ്രം പടിഞ്ഞ് അച്ചടക്കത്തോടെ ഇരിക്കുന്നു..
നന്ദിയിലെ എൽ .പി സ്കൂളായിരുന്നു അത്..സുകൂൾ ചെറുതാണെങ്കിലും ഗവണ്മെന്റ് ഇക്കാര്യത്തിൽ പിശുക്ക് കാണിച്ചിട്ടില്ല.. എല്ലാ സൌകര്യങ്ങളും ഉണ്ട്.. കുട്ടികൾക്കൊന്നും ഒന്നിനും ഒരു മടിയും ഇല്ല.. പ്രോഗ്രാമൊക്കെ വളരെ നന്നായി മടി കൂടാതെ അവതരിപ്പിക്കുന്നുണ്ട്.. അവരുടെ മേക്കപ്പ് എല്ലാം എടുത്ത് പറയേണ്ടിയിരിക്കുന്നു.. . ഗാന്ധിജിക്ക് വേണ്ടി തലയെല്ലാം മൊട്ടയടിക്കാൻ വരെ തയ്യാറായിരിക്കുന്നു... അദ്യാപകരും അവിടുത്തുകാർ തന്നെയാന്നു തോന്നുന്നു..
ഈ ട്രിപ്പ് ഒരിക്കലും മറക്കില്ല.. ..പോകുന്ന വഴിയിൽ മുന്തിരിത്തോട്ടങ്ങളിലും പുഷ്പ തോട്ടങ്ങളിലും എല്ലാം കയറിയിറങ്ങി ആസ്വദിച്ചു ഒരു മനോഹര യാത്ര... അഥവാ ഗ്രാമങ്ങളുടെ ആത്മാവ് തേടി ഒരു യാത്ര....
ഫേസ്ബുക്ക് വഴി താഴെ കമന്റു ചെയ്യൂ....
Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts
Monday, January 14, 2013
Tuesday, August 23, 2011
ഒളവട്ടൂർ - ഒരു പോത്ത് ഉണ്ടാക്കിയ പെരുന്നാൾ (കഥ)
വർഷങ്ങൾക്ക് മുമ്പത്തെ ഒരു പെരുന്നാളിന്റെ തലേ ദിവസം.. നോമ്പുതുറയൊക്കെ കഴിഞ്ഞു ഇരയെ വിഴുങ്ങിയ പാമ്പിനെ പോലെ അനങ്ങാനാവാതെ ഇരിക്കുകയാണു ഞാൻ..
മൈലാഞ്ചിയിയൊക്കെ ഇട്ട് ചെറിയ അനിയത്തി ഉപ്പയുടെ അടുത്ത് പോയി മടിയിൽ കയറിയിരുന്നു... പതിവു പോലെ സംശയം ചോദിക്കൽ തുടങ്ങി.... അവൾക്ക് ഒടുക്കത്തെ സംശയമായിരിക്കും.... അതെന്താ അങ്ങനെ..? ഇതെന്താ ഇങ്ങനെ...? ആകാശം എന്താ വെളുത്തിരിക്കുന്നത് .. കോഴിയെന്താ പറക്കാത്തേ... ....? എന്നിങ്ങനെ ഹലാകിന്റ് സംശയം.. വീട്ടിൽ എല്ലാവരോടും ഓരോ സംശയം ചോദിച്ചു വരും... ഉമ്മ ദേഷ്യത്തിൽ ഇരിക്കുന്ന സമയമാണെങ്കിൽ ഒച്ചയിട്ടോടിക്കും... ചിലപ്പോൾ ഞാനും അങ്ങെനെ തന്നെ.... എന്തും ക്ഷമയോടെ പറഞ്ഞു കൊടുക്കാൻ ഉപ്പയെ കൊണ്ടേ കഴിയൂ....
എങ്ങിനെയാണു പെരുന്നാൾ ഉറപ്പിക്കുന്നത് ? അതായിരുന്നു അന്നവൾക്ക് അറിയേണ്ടതു... ആകാശത്ത് അമ്പിളി അമ്മാവനെ കണ്ടാലാണു പെരുന്നാൾ ഉറപ്പിക്കുക എന്നു ഉപ്പ പറഞ്ഞു കൊടുത്തു....
അവൾ പുറത്തിറങ്ങി നോക്കി... ഇല്ലാ ആകാശത്തു കാണുന്നില്ലാ.....
വീണ്ടും പ്രശ്നം...
ഉപ്പ വീണ്ടും വിശദമാക്കി... അങ്ങനെ എല്ലായിടത്തും കണ്ടെന്നു വരില്ല... ഒന്നോ രണ്ടോ മിനിറ്റേ കാണൂ... കടൽ തീരത്തോ, ഒഴിഞ്ഞ മൈദനാത്തോ, കുന്നീന്റെ മോളിലോ പോയി നോക്കണം... അപ്പെഴേ കാണൂ...ഇന്ന് കോഴിക്കോട് കടപ്പുറത്ത് മാസം കണ്ടതുകൊണ്ടാണൂ നാളെ പെരുന്നാൾ ആയി ഉറപ്പിച്ചതു. എവിടെയെങ്കിലും ഒരിടത്തു കണ്ടാൽ എല്ലാവർക്കും പെരുന്നാൾ ആഘോഷിക്കാം...
പറഞ്ഞു പറഞ്ഞു ഉപ്പയുടേ കുട്ടിക്കാലത്ത് നടന്നതായി പറയുന്ന ഒരു പെരുന്നാളിന്റെ കഥ പറഞ്ഞു..... ഉപ്പ ഇടക്ക് അങ്ങിനെയാണു.. പഴയ കാല കഥകൾ പറയും... അതു കേൾക്കാൻ എനിക്കും വലിയ താല്പര്യമാണു... നേരെ മുന്നിൽ ചെന്നിരുന്ന് കഥ കേൾക്കില്ലങ്കിലും മറഞ്ഞിരുന്നു കേൾക്കും...
ഒരു സിഗരറ്റിനു തിരി കൊളുത്തി ഉപ്പ പറഞ്ഞു തുടങ്ങി,................
ഒളവട്ടൂർ .... അതാണു സ്ഥലത്തിന്റെ പേരു... ഞങ്ങളുടേ നാടായ പുളിക്കലിൽ നിന്നു അഞ്ചാറു കിലോമീറ്റർ ഉള്ളിൽ ഉള്ള ഒരു മലയോര ഗ്രാമം... ട്വിന്റുമോനും സർദാർജിക്കും ചാർത്തിക്കൊടുത്തതു പോലെ എല്ലാവിധ ബഹുമതികളൂം ചാർത്തികിട്ടിയ ഒരു സ്ഥലപ്പേരാണതു...അതിനു കാരണം... വളരെ ഉൾപ്രദേശവും അങ്ങോട്ട് എത്തിപ്പെടാൻ റോഡ് പോയിട്ട് ഒരു നല്ല നടവഴി പോലും ഇല്ല... വലിയ പറമ്പ്,ആന്തിയൂർകുന്ന് തുടങ്ങിയ ഇടങ്ങളിലൂടേ ഉള്ള ഊടുവഴികൾ ആയിരുന്നു അങ്ങോട്ട്... അതു കാരണം തന്നെ ഏറ്റവും അടുത്തുള്ള അങ്ങാടിയായ പുളിക്കലിലേക്ക് എത്തിപ്പെടണമെങ്കിൽ കിലോമീറ്ററുകൾ മലയിറങ്ങണം.. ഇന്നു എല്ലാം കൊണ്ടും വളരെയേറെ വികസിച്ച സ്ഥലമാണു ഈ ഒളവട്ടൂർ... പക്ഷെങ്കിലും പഴയ ആ പേരു മാറിയിട്ടില്ലാ.... “അല്ലേലും താനൊരു ഓളവട്ടൂർകാരൻ തന്നെയല്ലേ....?? ” എന്ന ചോദ്യം ഇപ്പോഴും കേട്ടാക്കാം :)
നാട്ടിലെ പ്രമാണിയാണൂ അവുക്കാദർ ഹാജി... ഒളവുട്ടൂരിലെ എല്ലാകാര്യങ്ങളുടെയും മേൽനോട്ടം ഹാജ്യരുടെ അധികാരമാണു.. നാട്ടിലെ വിവാഹം,മരണം എന്നു വേണ്ട എല്ലാകാര്യങ്ങളിലും ഹാജ്യാരുടെ അഭിപ്രായം വേണം.. പതിവു പോലെ ആ വർഷത്തെ നോമ്പും തീർന്നു തുടങ്ങി... ഇരുപത്തി ഒൻപതാമത്തെ നോമ്പ്.... അന്നു വൈകീട്ട് ആകാശത്ത് മാസപ്പിറവി കാണുന്നുവെങ്കിൽ പിറ്റേദിവസം പെരുന്നാൾ!!!....ഇന്നെത്തെ പോലെ ഫോണും കാര്യങ്ങളൊന്നും ഇല്ലാത്തതിനാൽ പെരുന്നാൾ അതതു പ്രദേശത്തെ ആളുകൾ മാസപ്പിറവി കാണുന്നതിനനുസരിച്ച് ഉറപ്പിക്കുകയാണു പതിവു..അതു തൊട്ടടുത്ത നാടുകളിലൊക്കെ അറിയിക്കും... ....പള്ളികമ്മറ്റി പ്രസിഡന്റുകൂടി ഹാജ്യാരുടെ നിർദേശപ്രകാരം സ്ഥലത്തെ പള്ളി മുക്രി ബാപ്പു മുസ്ലിയാരും ഒരു സംഘവും കൂടി മാസപ്പിറവി വീക്ഷക്കാൻ വടക്കൻ മലയോട് ചേർന്നുള്ള മൊട്ടാക്കുന്നയ പുല്ല്ലൂരാൻ മലയിലേക്ക് കയറി...
ഹാജ്യാർ വീടിന്റെ ഉമ്മറത്തിരുന്നു..നോമ്പു തുറക്കാൻ സമയം ആവുന്നു... പെരുന്നാൾ ഉറപ്പിച്ചാൽ അരിവിതരണം ചെയ്യണം.. അതിന്റെ കണക്കുകൾ കെട്ടിയോൾ നബീസുവുമായി സംസാരിക്കുകയാണു ഹാജ്യാർ...
ഈ സമയത്താണു ഇടിത്തീ പോലെയുള്ള ആ വാർത്ത ഹാജ്യാരുടേ കാതിലെത്തിയത്.... പെരുന്നാൾ പ്രമാണിച്ച് അറുത്ത് വിതരണം ചെയ്യാൻ കൊണ്ടു വന്ന പോത്ത് കയറു പൊട്ടിച്ചോടി...!!! എല്ലാ പെരുന്നാളിനും ഹാജ്യാരുടെ വക ഒളവട്ടൂർ നിവാസികൾക്ക് പോത്തിനെ അറുത്ത് വിതരണം ചെയ്യും... അത് ഹാജ്യാരുടെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണു.കാരാണം നാട്ടിൽ അവുക്കാദർ ഹാജിയുടെ പ്രധാന ശത്രുവായ അഹമ്മദാജിയുടെ മുന്നിൽ തോല്ക്കാൻ പാടില്ല.. അഹമ്മദാജിയും പോത്തിനെ അറുത്ത് വിതരണം ചെയ്യാറുണ്ട്... ...
അങ്ങിനെ അറുക്കാൻ വേണ്ടി വാങ്ങിയ പോത്താണു ഇന്നു നഷ്ടപ്പെട്ടത്... നാളെ പെരുന്നാൾ ആയാൽ..!!!! ഹാജ്യാരുടെ മുഖം കറുത്തു.. പോത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന, ഹാജ്യാരുടെ വീട്ടിലെ പണിക്കാരൻ കണാരൻ.., വെള്ളത്തിൽ വീണ പൂച്ചയെപ്പോലെ ഹാജ്യരുടെ മുന്നിൽ നിന്നും വിറച്ചു... ഹാജ്യാർ അലറി.... ഭ....കുത്തം കെട്ട ഹിമാറെ...... ഒരു പോത്തിനെ മര്യാദക്ക് പോറ്റാൻ കയ്യൂലെ അനക്ക്.... ?? കാണാണ്ടായ പോത്തിനെ പിടിച്ചെണ്ടെന്നീല്ലെങ്കീ നാളെ അന്നെ ഞമ്മൾ അറത്ത് വിതരണം ചെയ്യും....
കണാരന്റെ മുട്ടുകൾ കൂട്ടിയിടിച്ചു.. കണ്ണുനിറഞ്ഞു.... ഉടുമുണ്ടിൽ നനവു പടർന്നു... ആകാശത്ത് നിന്നും കാലൻ പോത്തിന്റെ പുറത്തേറി വരുന്നത് ഒരു നിമിഷം അയാൾ സ്വപ്നം കണ്ടു... പോത്തിനെ കിട്ടിയില്ലെങ്കിൽ പണീ പോകും. വീട്ടിൽ കെട്ടിയോൾ ജാനകിയും മക്കളും പട്ടിണിയാകും....
പോത്ത് കയറു പൊട്ടിച്ചോടിയ വിവരം അറിഞ്ഞു ആളുകൾ കൂടി.... പോത്തിനെ പിടികൂടൽ കണാരന്റെ ജീവിത പ്രശ്നവും നാട്ടുകാരുടെ വയറിന്റെ പ്രശ്നവുമായി മാറി.
“ കണാരാ ഇജ്ജ് കൊറച്ച് ഓലച്ചൂട്ട് ഇങ്ങട്ടെട്ക്ക്... പെട്രോമാക്സും ഇട്ത്തോ.... പോത്തിനെ ഞമ്മക്കെല്ലാർക്കും കൂടി തെര്യ .....”
കണാരന്റെ അയൽവാസി വെറ്റില കോയയുടെ നിർദേശം... കണാരന്റെ ശ്വാസം നേരേ വിണത് അപ്പോഴാണു..
അങ്ങിനെ സന്ധ്യാനേരത്ത് വെറ്റില കോയയുടെയും കണാരന്റെയും നേത്രത്തത്തിൽ ചൂട്ടും പെട്രോമാക്സും എടുത്ത് പോത്ത് ഓടിപ്പോയതായി പറയപ്പെടുന്ന വടക്കൻ മലയുടെ താഴ് ഭാഗത്തേക്ക് തിരിച്ചു..... പെട്രോമാസിന്റെ വെളിച്ചത്തിൽ പോത്തിന്റെ കാല്പാടുകൾ തപ്പിക്കൊണ്ട് കണാരൻ നടന്നു.. കണ്ണിൽ നനവു പടരുന്നതിനാൽ കാഴ്ചക്ക് ബുദ്ധിമുട്ടുന്നോ എന്നു സംശയം..... ആ വഴിയുലുള്ള വീട്ടുകാർ പറഞ്ഞതനുസരിച്ച് പോത്ത് മലകയറിയതായി ഉറപ്പിച്ചു.... അതെ ഇനി വടക്കേമല കയറണം ....അതും രാത്രിയിൽ... കുറുക്കന്മാർ മുതൽ പുലി വരെ ഉള്ളകാടാണത് ...!!
. പണ്ട് കന്നുപൂട്ടിക്കാരൻ ചാത്തു രാത്രിയിൽ യക്ഷിയെ കണ്ടു വട്ടായി എന്നു പറയപ്പെടുന്നതും ഈ മലയിൽ വെച്ചാണു... അതിനാൽ രാത്രിയിൽ ആരും അങ്ങോട്ട് കയറാറില്ല.... പക്ഷെ കണാരനു ഇന്നു കയറിയേ തീരൂ.... പുറപ്പെട്ട സ്ഥിതിക്ക് പോത്തില്ലാതെ തിരികെ ചെന്നാൽ വെറ്റിലകോയക്കും ക്ഷീണം പറ്റും.. ഹാജിയാരെ ചിലപ്പോ പിടിച്ചാ കിട്ടൂലാ.. കൂട്ടത്തിൽ സ്വല്പം ധൈര്യം കൂടുതലുള്ള ബീരാന്റെയും നിർദേശപ്രകാരം മലകയറാൻ തീരുമാനിച്ചു... കാലികളെ വെള്ളം കുടിപ്പിക്കാൻ കൊണ്ടു പോകാറുള്ള മലമുകളിലെ കുളത്തിനടുത്തെവിടേലും പോത്ത് ഉണ്ടാവാൻ സാധ്യത ഉണ്ട് എന്ന നിഗമനത്തിലാണു എല്ലാവരും.... പേടി മാറ്റാൻ ഉച്ചത്തിൽ സംസാരിച്ചുകൊണ്ടാണു സംഘം നീങ്ങിയതു... പോത്തുകൾക്ക് കറുപ്പ് നിറം ആയതിനെ ആദ്യമായി കണാരൻ ശപിച്ചത് അപ്പോഴാണു.... കാളയെപ്പോലെ വെളുപ്പാണെങ്കിൽ പെട്ടന്നു കണ്ടെത്താനായേനെ...!!!. ഇടക്കിടക്ക് ഹാജ്യാരുടെ ചവിട്ടേറ്റു വീണൂ... തന്റെ ആത്മാവ് ആകാശത്തിലൂടേ നീങ്ങുന്നത് കണാരൻ നിറഞ്ഞ കണ്ണുകളിലൂടെ കണ്ടു...
ഇതേ സമയം തൊട്ടപ്പുറത്തെ ഒഴിഞ്ഞ പുല്ലൂരാൻ മാസപ്പിറവി കാണാൻ ആകാശത്തേക്ക് നോക്കിയിരുന്ന ഹൈദ്രോസും കൂട്ടരും ബാങ്ക് കൊടുത്തിരിക്കുമെന്ന നിഗമനത്തിൽ നോമ്പ് തുറന്നു...
തൊട്ടപ്പുറത്തെ വടക്കൻ മലയിലെ കാടുകൾക്കിടയിൽ വെളിച്ചം മിന്നിത്തിളങ്ങുന്നത് കണ്ടെത്തിയത് സുലൈമാനാണു... ആരായിപ്പം ഈ നേരത്ത് വടക്കന്മയിൽ ??? ബാപ്പു മുസ്ലിയാർക്ക് സംശയം...
മാസം കാണാൻ വേണ്ടി ആരേലും പോയതാവുമോ?? കൂട്ടത്തിൽ ആരോ ചോദിച്ചു... അങ്ങനെയാകാനും സാധ്യത ഉണ്ട്... ഒഴിഞ്ഞ മലന്റെ മോളീന്നു നോക്കിയാലേ ശരിക്കും കാണൂ...ആ ഹിമാറാൾക്ക് അതറിയലുണ്ടാവൂലാ... ബാപ്പു മുസ്ലിയാർക്ക് ചിരിവന്നു...
ഇനി അധവാ അതു വല്ല ജിന്നോ* മറ്റോ ആയിരിക്കുമോ?? സുലൈമാനു പേടി തോന്നി...
ശരിക്കും ഇരുട്ട് പരന്നു തുടങ്ങിയിരിക്കുന്നു... ഇരുണ്ട ആകാശത്ത് വെറുതേ നോക്കിയിരുന്നാൽ തന്നെ അമ്പിളി അമ്മാവനെ മിന്നായം പോലെ ഒന്നു കണ്ടോ എന്ന സംശയം ചിലർക്കൊക്കെ തോന്നാതില്ല...
ഇന്നു തന്നെ മാസപ്പിറവി കണണമെന്നാണു എല്ലാർക്കും... അപ്പോഴേ പെരുന്നാളിനു ഹരമുള്ളൂ.... നോമ്പ് നോല്ക്കാൻ പൊതുവെ ഒരു മടിയുള്ള സുലൈമാനു നാളെ നോമ്പ് നോൽക്കുന്ന കാര്യം ആലോചിക്കാൻ വയ്യ... എന്നാൽ ബാപ്പു മുസ്ലിയാർക്ക് നാളെ കൂടി നോമ്പ് ആയി മറ്റന്നാൾ പെരുന്നാൾ ആയാൽ നല്ലതാണെന്നഭിപ്രായം... ഒരു നോമ്പ് അധികമായി കിട്ടില്ലേ?? പടച്ചോൻ ഭാഗത്ത്ന്നു കൂലി കിട്ടുന്ന കാര്യമെല്ലേ..???
കണാരനും സഘവും മലമുകളിൽ കുളത്തിനടുത്തേക്ക് നടന്നു...വഴിയിൽ ആവി പറക്കുന്ന ചാണകം കണ്ടെത്തിയതിനാൽ പോത്ത് പരിസരത്തെവിടെയോ ഉണ്ടെന്ന നിഗമനത്തിലാണു വെറ്റില കോയ.. .. അകലെ ഇരുണ്ടു കിടക്കുന്ന കുറ്റിച്ചെടികൾ എല്ലാം പോത്തുകളായി കണാരനു തോന്നിതുടങ്ങി..... കണാരനു നടത്തത്തിന്റെ സ്പീഡ് കൂടി... ബാക്കിയുള്ളവരെ കാത്തു നില്ക്കാതെ അയാൾ പെട്രോമാക്സും കൊണ്ട് നടന്നു... അന്നേരം യക്ഷിയൊക്കെ കണാരനു പുല്ലായിരുന്നു... തീപാറുന്ന ഹാജ്യാരുടെ കണ്ണുകളായിരുന്നു വലുത്... ചുട്ടും വീശി പിറകെ വരുന്ന വെറ്റില കോയയും സംഘവും കണാരന്റെ ഒപ്പമെത്താബ് ബുദ്ധിമുട്ടി..ബീരാൻ പിറകെ ഓടി... കണാരൻ പറക്കുകയോണോ...??
അകലെ ഇരുട്ടിൽ രണ്ടു കണ്ണുകൾ തിളങ്ങുന്നതായി കണാരനു തോന്നി.. അല്പം പേടി തോന്നിയങ്കിലും കണാരൻ പെട്രോമാക്സ് ഉയത്തി പിടിച്ചു നോക്കി....
അതാ..... അതു തന്നെ... പോത്ത്... തന്നെ തുറിച്ചു നോക്കുന്നു.....
കണ്ടേ....കണ്ടേ.......കണരൻ അലറി വിളിച്ചു...
അയാൾക്ക് തുള്ളിച്ചാട്ണമെന്നു തോന്നി.... കണ്ടോ...? പോത്തിനെ കണ്ടോ??? വെറ്റില കോയക്ക് സംശയം....
കണ്ടു കോയാ... കണ്ട്.... ആകെ എല്ലാർക്കും പെരുത്ത് സന്തോഷം.... ആകെ ബഹളം ....ഒച്ചപ്പാട്.. കണാരാൻ സന്തോഷം കൊണ്ട് ഉച്ചത്തിൽ കൂവി... . പോത്തിനെ കണ്ടെത്തിയിരിക്കുന്നു...!!!
പിറകിൽ എത്തിയ ബീരാൻ വിളിച്ചു പറഞ്ഞു...കണ്ട്... മ്മളു കണ്ട്...
വടക്കൻ മലയിൽ നിന്നും ഒച്ചപ്പാട് കേട്ട് മാസപ്പിറവി നോക്കി നിന്ന മുക്രിയും സഘവും അന്തം വിട്ടു..
കണ്ടേ.....കണ്ടേ.... എന്നു അവ്യക്തമായി അവർ കേട്ടു.... അവർ മാസപ്പിറവി കണ്ടോ??? അതും ആ കാട്ടിൽ..?? ബാപ്പു മുസ്ലിയാർക്ക് സംശയം!!!
സുലൈമാൻ ഉച്ചഹ്ത്തിൽ കൂവി നോക്കി.... കൂ ഊൂൂ....
അപ്പുറത്തെ മലയിൽ നിന്നും കൂവുന്നത് കേട്ടു കണാരനും സംഘവും ഒരുമിച്ചു കൂവി... ആവേശത്തിന്റെ കൂവൽ....!!!
കണ്ടോ??? സുലൈമാനും സങ്കവും ഒരുമിച്ചു ചോദിച്ചു.....
കണ്ടേ.....കണ്ടു... കണാരാനും സഘവും വിളിച്ചു പറഞ്ഞു.....
അതെ.... അവർ മാസപ്പിറവി കണ്ടിരിക്കുന്നു.... സുലൈമാൻ തുള്ളിച്ചാടി...നാളെ പെരുന്നാൾ... അവരൊരുമിച്ച് തക്ബീർ** ചൊല്ലി മലയിറങ്ങി.... !!!
പോത്തിനെയും ആനയിച്ചു കണാരനും കൂട്ടരും മലയിറങ്ങി...പോത്തിനെയും കൊണ്ട് ഹാജ്യാരുടെ അടുത്തെത്തുന്ന തനിക്ക് ഹാജ്യാർ പത്തുരൂപ എടുത്തു തരുന്നതായി കണാരൻ സങ്കല്പിച്ചു... അറുത്ത പോത്തിൽ നിന്നും ഒരു പൊതി തനിക്കു അധികമായി ഹാജ്യയാർ തരുമെന്നു വെറ്റില കോയക്ക് ഉറപ്പുണ്ടായിരുന്നു.... അവർ പോത്തിനെയും കൊണ്ട് സംഘം നാട്ടിലെത്തിയപ്പോഴേക്കും ഒളവട്ടൂർ ഉണർന്നിരുന്നു... പെരുന്നാൾ ഉറപ്പിച്ചു... എങ്ങും തക്ബീർ** മുഴങ്ങുന്നു.....
യുദ്ധം ജയിച്ചു വരുന്ന കെട്ടിയോന്റെ മട്ടിൽ കണാരനും കൂട്ടരും പോത്തിനെയും കൊണ്ട് ഹാജ്യരുടെ മുറ്റത്തേക്കു കടന്നു.......
പെരുന്നാൾ ഉറപ്പിച്ച വിവരം പറയാൻ ചെന്ന ബാപ്പു മുസ്ലിയാരും സംഘവും ചായ കുടിയും കഴിഞ്ഞു ഇറങ്ങുന്നു...
“ബാപ്പോ.. പോത്തിനെ കിട്ടി...ഇജ്ജ് അയിനെ അങ്ങട് അറത്ത് കൊട്ത്ത് പൊയ്ക്കോ.“... ഹാജ്യാർ പറഞ്ഞു....
ബാപ്പു മുസ്ലിയാർ കത്തി കൈയ്യിൽ വെച്ച് അണച്ചു കൊണ്ട് വന്നു......... “കണാരാ പോത്തിനെ അങ്ങട് കൌങ്ങുമ്മെ കെട്ടി തള്ളിയിട്.... ഞമ്മക്ക് അറവു തൊടങ്ങാ..“.
*****************************************************************************
*****************************************************************************
ഉപ്പ പറഞ്ഞു നിർത്തി...
ന്ന് ട്ടോ??? പെങ്ങൾക്ക് വീണ്ടും സംശയം..........
“ന്ന്ട്ട് തേങ്ങ..... പെരുന്നാൾ രാവായിട്ട് രണ്ടാളും കഥിം പറഞ്ഞിരുന്നോ“ ..... ഉമ്മയാണു..!!!!
“നാളക്കേക്ക് ഇറച്ചി കിട്ടീട്ടില്ലാ....കോഴി ഇവടെള്ളേനെ അറക്കാ.... എന്നു വെച്ച് പോത്തെറച്ചി ഇല്ലാതെ പറ്റോ??? പൈസ എടുത്ത് കൊട്ക്കീ... ഓൻ പോയി വാങ്ങിക്കോളും...“
ഹ.. എനിക്ക് പണീ കിട്ടി...!! പോത്തെറെച്ചി ഇല്ലാതെ എന്തു പെരുന്നാൾ !!!! :(
എന്നാ പിന്നെ ഞാൻ പോത്തിറച്ചി വാങ്ങി വരാം... നിങ്ങളു വല്ലതും അഭിപ്രായിയേച്ചും പൊക്കോ... :)
ഇതാണു ഒളവട്ടൂർ... :) പോത്തിനെ കണ്ടു പെരുന്നാൾ കഴിച്ച കഥ...!!!
ഒളവട്ടൂർ നിവാസികൾ ആരേലും ഇതു കണ്ടെങ്കിൽ എന്റെ നെഞ്ചത്ത് പൊങ്കാലയിടാൻ വരരുത്... :)
ഇന്നു എല്ലാം കൊണ്ട് വികസിച്ച ഒരു പ്രദേശമാണത്.....
(ഇനിവേണേൽ.... ഒരു ഹൈടെക് സിറ്റിയാണു... :) എന്നും പറയാം... പ്ലീസ് എന്നെ വിട്ടേരെ... :) )
ഒളവട്ടൂർ നിവാസികൾ ആരേലും ഇതു കണ്ടെങ്കിൽ എന്റെ നെഞ്ചത്ത് പൊങ്കാലയിടാൻ വരരുത്... :)
ഇന്നു എല്ലാം കൊണ്ട് വികസിച്ച ഒരു പ്രദേശമാണത്.....
(ഇനിവേണേൽ.... ഒരു ഹൈടെക് സിറ്റിയാണു... :) എന്നും പറയാം... പ്ലീസ് എന്നെ വിട്ടേരെ... :) )
********************************************************************************
മുക്രി : പള്ളിയിൽ ബാങ്കു വിളിക്കുകയും നടത്തിപ്പ് ചുമതലയും ഉള്ളയാൾ
* ജിന്ന് : ചെകുത്താൻ
** തക്ബീർ : ദൈവസതുതി ചൊല്ലൽ - പെരുന്നാൾ ദിവസങ്ങളിൽ പള്ളിയിലും മറ്റും കേൾക്കാം
ഹിമാർ : കഴുത
ഹിമാർ : കഴുത
Subscribe to:
Posts (Atom)



