Monday, January 14, 2013

ഗ്രാമഹൃദയങ്ങള്‍ തേടി......

(ഒരു യാത്രാ കുറിപ്പ്)

നന്ദി ഹിൽസിലെ മനോഹരമായ സൂര്യോദയം കണ്ടു ഏകദേശം പത്തു മണിയോടെ അവിടുന്നു ഞങ്ങൾ തിരിച്ചു.. പിന്നെ അടുത്തുള്ള ഒരു വെള്ളച്ചാട്ടമാണു ലക്ഷ്യം...തനി ഗ്രാമീണ പ്രദേശത്തിലൂടെയായിരുന്നു  യാത്ര... വഴിയിൽ മുന്തിരിത്തോട്ടങ്ങളും പൂഷ്പക്യഷികളും എല്ലാം പലയിടത്തും കാണാം.... റോഡിൽ നിന്നും കുറച്ചു ദൂരയായി കാണുന്ന ചെറിയ കുന്നുകളില്ലാം വലിയ ഉരുളൻ പാറകൾ തലയുയർത്തിൽ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.. വിജനമായ റോഡുകളിൽ ഇടക്കിടക്ക് വാഹനങ്ങൾ കാണാം... റോഡിനിരുവശത്തും അവിടെവിടെയായി ചെറിയ വീടുകൾ , ചില വീടുകൾ കല്ലിന്റെ വലിയ പാളികൾ കൊണ്ട് ചുറ്റും വേലികെട്ടിയിരിക്കന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു..

യാത്രക്കിടയിൽ യാദ്യശ്ചികമായാണു ഒരു കൊച്ചു ഗ്രാമീണ സ്കൂളിന്റെ മുന്നിൽ കുറേ കുട്ടികൾ ഫാൻസി ഡ്രസ്സിനെന്ന പോലെ പല വേഷത്തിൽ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്.. അവിടെ എന്തോ പ്രോഗ്രാം നടക്കുന്നെന്ന് മനസിലായി... വിവേകിന്റെ ക്യാമറക്ക് വയറു നിറക്കാൻ പാകത്തിൽ അവിടുന്നു കിട്ടുമെന്നു തോന്നി... വണ്ടി സൈഡാക്കി ഞങ്ങൾ ഇറങ്ങി... പക്ഷെ.. അവിടെ പോയി ഫോട്ടോ എടുത്താൽ ചിലപ്പോ പിള്ളാരു കല്ലെടുത്തെറിയുമോ.. നാട്ടുകാരു പിടിച്ച് മരത്തിൽ കെട്ടിയിടുമോ എന്നിത്യാതി ഭയത്തോടെയാണു ഞങ്ങൾ നടന്നത്... അവസാനം രണ്ടും കല്പിച്ച അവിടേക്ക് പോയി... അവിടെ കയറി അവിടെയുണ്ടായിരുന്ന ഒരു അദ്ധ്യാപകനോട്  കാര്യങ്ങൾ പറഞ്ഞു.. കേരളത്തീന്ന് വരുവാണു.. നിങ്ങടെ ഞങ്ങൾ പ്രോഗ്രാം കണ്ടോട്ടെ.. ഫോട്ടോ എടുക്കുന്നതിൽ വിരോധം ഉണ്ടോ എന്നൊക്കെ അന്വേഷിച്ചു... അവരും ഡബിൾ ഓകെ..




സ്വാമി വിവേകാനന്ദന്റെ ജന്മദിനം പ്രമാണിച്ചു നടത്തുന്ന പ്രോഗ്രാം ആയിരുന്നു അത്... കുറേ കുട്ടികൾ സ്വാമി വിവേകാനന്ദൻ, ഗാന്ധിജി,സുബാഷ് ചന്ദ്രബോസ്, ഭഗത്  സിംഗ്.. തുടങ്ങി പല വേഷത്തിൽ ഒരു ബഞ്ചിൽ ഇരിക്കുന്നു.. കാണാൻ ഒരു നൂറോളം കുട്ടികൾ നിലത്ത് ഇരിക്കുന്നു.. ... ഏതാണ്ട് അന്യഗ്രത്തീന്നു വന്ന ജീവികളെ കണ്ട കണക്കേ എല്ല്ലാരും ഞങ്ങളെ നോക്കുന്നു.. പിന്നെ ആകെപ്പാട് ബഹു രസം...

പ്രോഗ്രാം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.. വിശിഷ്ടാതിഥികള്‍ കണക്കെ ഞങ്ങളെ പിടിച്ചു വേദിയിൽ ഇരുത്തി...ഈശ്വരാ ഈ പാപികളോട് പൊറുക്കണേ... ഞാൻ മനസിൽ പ്രാർഥിച്ചു... ഒരു അദ്ധ്യാപകൻ ഞങ്ങളെ എല്ലാവർക്കുമായി അവിടെ പരിചയപ്പെടുത്തി... പ്രോഗ്രാമിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നു വന്നവരാണു.. എന്നൊക്കെ അങ്ങേരു കാച്ചി.. പിള്ളാരും അവരുടെ കൂടെയുള്ള അമ്മമാരുമൊക്കെ ഭയങ്കര കയ്യടി...




“ഈശ്വരാ ഞങ്ങൾക്ക് വട്ടാതാണൊ അതോ നാട്ടുകാർക്കൊ മുഴുവൻ വട്ടായതാണോ” മായാവിയിലെ സലീം കുമാറു ചോദിച്ചപ്പോലെ ഞങ്ങൾ പരസ്പരം ചോദിച്ച് ഉള്ളിൽ ചിരിച്ചു.. ശേഷം അധ്യാപകർ എന്തൊക്കെയോ സംസാരിച്ചു.. കന്നട ഒന്നും എനിക്ക് മനസിലായില്ല...ഉത്ഘാടന ശേഷം. സ്വാമി വിവേകാന്ദനെ കുറിച്ച് പിള്ളാരോട് ഞങ്ങളിൽ ആരെങ്കിലും സംസാരിക്കണം എന്നു പറഞ്ഞ് മൈക്ക് കൈമാറി.. പെട്ടു എന്നു പറഞ്ഞാമതിയല്ലോ.... !!

ഒടുക്കം,  അഖിൽ ഷാൻ സംസാരിക്കാമെന്നേറ്റു... അവൻ മൈക്ക് വാങ്ങി പറഞ്ഞു തുടങ്ങി.. ആദ്യം തന്നെ അവരുടെ കൂടെ ആ  പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തി ഏതാനും വരികൾ പറഞ്ഞു ... സ്വാമി വിവേകാനന്ദനെ കുറിച്ച് പറയാൻ ഒന്നും അറിയാത്തതിനാൽ പിന്നെ ചുളുവിൽ “ഏ.പി ജെ അബ്ദുൽകലാം എന്താണു പറഞ്ഞതെന്നു നിങ്ങൾക്കറിയുമോ കുട്ടികളെ..... .. ” എന്നു ചോദിച്ചു അവൻ ട്രാക്ക് മാറ്റി... പിള്ളാർക്കും അദ്ധ്യാപകർക്കും ഇംഗ്ലീഷ് ഇംഗ്ലീഷ് ഒന്നും അറിയാത്തതിനാൽ എല്ലാവരും ഭയങ്കര കയ്യടി... ഹാഹ്.. ശുഭം സുന്ദരം.. (പശുവിനെ കുറിച്ചെഴുതാൻ അറിയില്ലെങ്കിൽ പശുവിനെ തെങ്ങിൽ കെട്ടിയിട്ട്, തെങ്ങിനെ പറ്റി എഴുതുന്ന സിദ്ധാന്തം അവിടെ മനോഹരമായി അപ്ലൈ ചെയ്തു !!)


പട്ടിണി കിടക്കുന്നവന്റെ മുന്നിലേക്ക് ചക്കക്കൂട്ടാൻ വച്ചു നീട്ടിയ പോലെ ആയിരുന്നു വിവേകിന്റെ ആക്രാന്തം... അവിടെയില്ലാം പാറിപ്പറന്നു നടന്നു ഫോട്ടോ എടുത്തു.. അദ്ധ്യാപകരും വിദ്യാർഥികളും എന്തിനേറെ അവിടെ കഞ്ഞി വെക്കുന്ന ചേച്ചിവരെ ഫോട്ടോക്ക് പോസ് ചെയ്തു... ഒരു ഗാന്ധിജി വടി കൊണ്ട് കുത്തി ഭീഷണിപ്പെടുത്തി വരെ ഫോട്ടോ എടുപ്പിച്ചു... ആകെ മൊത്തം ടോട്ടൽ ബഹു ജോറ് എന്ന് പറഞ്ഞാൽ മതിയല്ലോ..... ഞങ്ങൾ വരുന്നവരെ മൊബൈൽ കാമറയിൽ ഫോട്ടോയെടുത്തിരുന്ന ഒരു സാറിനു ഇതത്ര പിടിച്ചില്ലേ എന്നൊരു സംശയം..!  ടീച്ചേഴ്സിൽ പലരും വന്നു കൈ തന്ന് പരിചയപ്പെടൽ ഭാഷ ഒരു പ്രശ്നം ആയതിനാൽ പ്രത്യേകിച്ച് സംഭാഷണം ഒന്നും നടന്നില്ല അവരു തമ്മിൽ... ഗേറ്റിന്റെ പുറത്ത് നിന്ന് നാട്ടുകാരിൽ ചിലരു തലയിട്ട് ഇതാരപ്പാ ഈ പരിഷ്കാരികൾ എന്നമട്ടിൽ എത്തി നോക്കുന്നു.... എന്നെ പിടിച്ചു അവിടുത്തെ പ്രിൻസിപ്പൾ ആക്കിക്കളയുമോ എന്ന് വരെ ഒരുവേള ഞാൻ സംശയച്ചു...  അത്രക്ക് വലിയ സ്വീകരണം...കൂട്ടത്തിൽ ഒരു പ്രായമുള്ള അദ്ധ്യാപകൻ വന്ന് ടിനോജിനോട്  സാറു ഇവിടെ ഇരുന്നാട്ടെ എന്ന് പറഞ്ഞ് കസേര നീട്ടിയപ്പോ അവനാകെ വണ്ടറടിച്ചു എന്നു പറഞ്ഞാമതിയല്ലോ... അവൻ കസേരയുടെ സൈഡിൽ പിടിച്ചു ഷോക്കടിച്ചപോലെ നിന്നു....  അതോ ബോധക്ഷയം വരുമെന്നു പേടിച്ചിട്ടാണോ അങ്ങിനെ നിന്നത് എന്നെനിക്കൂഹമില്ല...  മൊത്തത്തിൽ  പ്രാഞ്ചിയേട്ടന്റെ ലൈനിൽ പറഞ്ഞാൽ പരിപാടി കളറായി... അവർക്കും ഞങ്ങൾക്കും..!

പിന്നെ കുട്ടികളുടെ കലാപരിപാടി.. ഓരോ വേഷം ധരിച്ച കുട്ടികളും വന്നു പ്രസംഗവും മറ്റും പറയുന്നു.. പാട്ടു പാടുന്നു..  വേഷങ്ങൾക്ക് അനുസ്യതമായ ഡ്രാമയോ മറ്റോ ഒന്നും കണ്ടില്ല..  ചെയ്യുന്ന പ്രസംഗത്തിനോട് നീതി പുലർത്താൻ ഓരോരുത്തരും വേഷം അണിഞ്ഞതാണെന്നു തോന്നു... പലരും കൈയിൽ ഉള്ള കുറിപ്പിൽ നോക്കി മനസിരുത്തി വായിക്കുന്നത് കാണാം.. കാഴ്ചക്കാരായി വന്ന കുട്ടികൾ എല്ലാം മണ്ണിൽ ചമ്രം പടിഞ്ഞ് അച്ചടക്കത്തോടെ ഇരിക്കുന്നു..

നന്ദിയിലെ എൽ .പി സ്കൂളായിരുന്നു അത്..സുകൂൾ ചെറുതാണെങ്കിലും ഗവണ്മെന്റ് ഇക്കാര്യത്തിൽ പിശുക്ക് കാണിച്ചിട്ടില്ല.. എല്ലാ സൌകര്യങ്ങളും ഉണ്ട്.. കുട്ടികൾക്കൊന്നും ഒന്നിനും ഒരു മടിയും ഇല്ല.. പ്രോഗ്രാമൊക്കെ വളരെ നന്നായി മടി കൂടാതെ അവതരിപ്പിക്കുന്നുണ്ട്.. അവരുടെ മേക്കപ്പ് എല്ലാം എടുത്ത് പറയേണ്ടിയിരിക്കുന്നു.. . ഗാന്ധിജിക്ക് വേണ്ടി തലയെല്ലാം മൊട്ടയടിക്കാൻ വരെ തയ്യാറായിരിക്കുന്നു... അദ്യാപകരും അവിടുത്തുകാർ തന്നെയാന്നു തോന്നുന്നു..

ഈ  ട്രിപ്പ് ഒരിക്കലും മറക്കില്ല.. ..പോകുന്ന വഴിയിൽ മുന്തിരിത്തോട്ടങ്ങളിലും പുഷ്പ തോട്ടങ്ങളിലും എല്ലാം കയറിയിറങ്ങി ആസ്വദിച്ചു ഒരു മനോഹര യാത്ര... അഥവാ ഗ്രാമങ്ങളുടെ ആത്മാവ് തേടി ഒരു യാത്ര....


ഫേസ്ബുക്ക് വഴി താഴെ കമന്റു ചെയ്യൂ....




Monday, May 28, 2012

ഉപ്പ്.


   കഞ്ഞിയിൽ ഉപ്പു കൂടി എന്നതിന്റെ പേരിൽ  അയാളുടെ ചവിട്ടേറ്റു നടുവൊടിഞ്ഞു ഇന്നലെയാണു അവൾ  സർക്കാരാശുപത്രിയിലെ പതിനാലാം വാർഡിൽ അഡ്മിറ്റായത്. സഹിക്കാൻ പറ്റാത്ത വേദന. പോരാത്തതിനു ആശുപത്രിയിലെ പറഞ്ഞറിക്കാനാവാത്ത ആ ഗന്ധം വല്ലാത്തൊരു വീർപ്പുമുട്ടലാണു.

         മുകളിൽ പതിയെ കറങ്ങുന്ന ഫാനിൽ നിന്നുള്ള  ശബ്ദം പുഴക്കരയിലെ കാറ്റിനെ പോലെ തോന്നിച്ചു. .. അവളുടെ ഓർമ്മകൾ ഭൂതകാലത്തിലെ പുഴക്കരയിൽ അവരിരിക്കാറുണ്ടായിരുന്നു ആഞ്ഞിലി മരത്തണലിലേക്ക് പോയി.  അവളുടെ മടിത്തട്ടിൽ തല ചാഴ്ചു കിടക്കുന്നതിനിടയിൽ   അയാൾ അവളുടെ കണ്ണുകലിലേക്ക് നോക്കി  പറഞ്ഞു.. “പ്രിയേ.. നീയില്ലാത്ത ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞിപോലെയാണു..“ അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. നെറ്റിയിലെ വിയർപ്പു കണങ്ങളിലെ ഉപ്പുരസം എന്തോ അവളെ വല്ലാതെ കൊതിപ്പിച്ചു..

“മോളേ.... എന്താ ആലോചിക്കുന്നത്..? വാ തുറക്ക് ,  കഞ്ഞി കോരിത്തരാം..“
അമ്മയാണു.. അവൾ വാ തുറന്നു.
കഞ്ഞി കോരിത്തരുന്നതിനിടയിൽ അമ്മ ചോദിച്ചു “ കഞ്ഞിയിൽ ഉപ്പിന്റെ കുറവുണ്ടോ മോളേ...? “
ഇല്ലാ.. അവൾ തലയാട്ടി..  കണ്ണിൽ നിന്ന് ഊർന്നിറങ്ങുന്ന കണ്ണുനീരിന്റെ ഉപ്പുരസം അപ്പോഴും ആ കഞ്ഞിയിൽ പടരുന്നുണ്ടായിന്നു..

അതെ, ദാമ്പത്യ ജീവിതത്തിൽ ഉപ്പിനു ഇത്രത്തോളം പ്രാധാന്യമുണ്ടെന്നു അവൾ തിരിച്ചറിഞ്ഞത് ഇന്നാണു.




Monday, October 10, 2011

ഭാവിയും ഭൂതവും പറയാൻ...കേരള മോഡൽ റോബോട്ടുകൾ...




ഉത്സവപ്പറമ്പുകളിലും,ബീച്ചുകളിലും എന്നു വേണ്ട നാലാളു കൂടുന്നിടത്തൊക്കെ  “റോബോർട്ടുകൾ” ഭാവിയും ഭൂതവും പറയുന്ന തട്ടിപ്പുകൾ ഇപ്പോഴും നടത്താൻ കഴിയുന്നു എന്നത് ആശ്ചര്യം തന്നെയാണു...  ഒരു  പ്ലാസ്റ്റിക് മനുഷ്യരൂപത്തിൽ   അങ്ങിങ്ങായി  പല നിറത്തിലുള്ള എൽ.ഇ.ഡി കൾ  മിന്നിതിളങ്ങുകയും  അതിന്റെ ഹെഡ്ഫോൺ എടുത്ത് ചെവിയിൽ വച്ചാൽ അതു നമ്മുടെ ഭാവി പറയുകയും ചെയ്യുന്ന ഈ  അൽഭുത മനുഷ്യൻ  ഒരു പത്തുവർഷം മുമ്പൊക്കെയാണെങ്കിൽ അന്നു അത്രയൊക്കെ അറിവുള്ളൂ  എന്നു കരുതി സമാധാനിക്കാമായിരുന്നു...   എന്നാൽ ഇപ്പോഴും കേരളത്തിൽ പലയിടത്തും ഈ “റോബോട്ടിനെ” കാണാം...  വീട്ടമ്മമാരാണു അതികവും  ഇതിന്റെ ഉപഭോക്താക്കൾ...

കേവലം ഒരു പ്ലാസ്റ്റിക് രൂപത്തിന്റെ ഉള്ളിൽ ഉള്ള സർക്ക്യൂട്ട് ബോർഡുകൾ വഴി മിന്നി തിളങ്ങുന്ന എൽ.ഇ.ഡികളും...  ഒരു  ഓഡോയോ മെക്കാനിക് സിസ്റ്റവുമാണു ഇതിന്റെയുള്ളിൽ... വരുന്ന ഉപഭോക്താവിന്റെ പ്രായം,മതചിഹ്നം,താലി,സിന്ദൂരം ഇത്യാതി ലക്ഷണങ്ങൾ നോക്കി മുങ്കൂട്ടി റെക്കോർഡ് ചെയ്തുവച്ച ഓഡിയോകളിൽ ഒരെണ്ണം  ഹെഡ്ഫോൺ വഴി കേൾപിച്ചു കൊടുക്കുന്നതാണു  ഇതിന്റെ  റോബോർട്ട് ഓപ്പറേറ്ററുടെ ജോലി..!!!  കോട്ടും സ്യൂട്ടും ഒക്കെയിട്ട് നല്ല ടിപ്പിലാണു പുള്ളി...  “മുന്നിൽ വന്നിരിക്കുന്ന ആളിനെ കമ്പ്യൂട്ടർ സംവിദാനത്തോടെ വിലയിരുത്തി  കമ്പ്യൂട്ടർ തന്നെയാണു നമ്മുടെ ഭാവി പറഞ്ഞു തരുന്നത്..”  എന്നാണു  ഈ ഇഞ്ചിനീരു എന്നോട് പറഞ്ഞത്..!!!.  എനിക്ക് ഫോട്ടോഗ്രാഫിയിൽ നല്ല ഭാവി ഉണ്ടെന്നും .. ഞാൻ പ്രവചിച്ചാൽ അതു തെറ്റാറില്ലെന്നും  ഞാൻ അതിന്റെ ഫോട്ടോയെടുത്തപ്പോൾ പുള്ളി എന്നോട് പറഞ്ഞു... ഉവ്വാ..!!

 അരമണിക്കൂറിനകം   ഏഴുപേർ ഈ മെഷീനിന്റെ അടുത്തു നിന്നും ഭാവിയും ഭൂതവും കഷ്ടകാലവും കേട്ട് പോയി... എല്ലാവരും സ്ത്രീകൾ ആയതിനാൽ  ഫോട്ടോ എടുക്കാൻ പേടി... അടി വീഴുന്ന വഴി അറിയില്ല.....   ഹെഡ്ഫോൺ ചെവിയിൽ വെച്ച് ശ്രദ്ധയോടെ ഓഡിയോ കേൾക്കുന്ന ആ മഹിളകളുടെ മുകത്ത്  പുഞ്ചിരിയും വിഷാദവും എല്ലാം മാറി വരുന്നത് കാണാം...!!

തങ്ങൽ പത്തുരൂപ കൊടുത്ത് കേട്ട ആ വിശുദ്ധ ശബദം റോബോട്ട് നമ്മളെ കണ്ടു വിശദമായി നമ്മുടെ ബ്രെയിൻ സ്കാൻ ചെയ്ത്  പറയുന്നതാണെന്നു  ധരിക്കുന്നവർ ഇപ്പോഴും ഉണ്ടെന്നതു സത്യം..!!  മിന്നിതിളങ്ങുന്ന എൽ.ഇ.ഡികൾ റോബോട്ട്  വർക്ക് ചെയ്യുന്നതിന്റെ തെളിവു തന്നെയല്ലേ...??!!!!!!

ജീവിക്കാൻ വേണ്ടി ഓരോ വേഷം കെട്ട്.....വിട്ട് കള..എന്നു പറയാം...


ഈ  തട്ടിപ്പിന്റ് തൊട്ടപ്പുറത്ത് സ്കൂൾ വിട്ടുവന്ന യൂണിഫോമിൽ  കടല വിൽക്കുന്ന  ബാലനും  തളർന്നുറങ്ങുന്ന അനിയനും.....

കോഴിക്കോട് ബീച്ചിൽ നിന്നും.....:


Saturday, October 1, 2011

മാന്ത്രിക പ്രൊഫൈൽ ഏലസ്സുകൾ


നൂറ്റാണ്ടുകൾ പഴക്കം എക്സൽ ഷീറ്റ് താളിയോലകളിൽ നിന്നും കണ്ടെത്തിയ മാന്ത്രിക  പ്രോഗ്രാമിം കോഡുകൾ ഉപയോഗിച്ചു നിർമിച്ച മാന്ത്രിക ഏലസ്സ് പ്രൊഫൈലുകൾ..!! മാന്ത്രിക പോസ്റ്റുകൾഗാഡ്ജറ്റ് ഉറുക്കുകൾ, ജാവ കൂടോത്രങ്ങൾ , ഹോമകുണ്ഡം ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകൾ., നീണ്ട ഓൺലൈൻ  പൂജയിലൂടെ തയ്യാർ ചെയ്ത  മാന്ത്രിക ഏലസ്സ് എംബഡഡ് പ്രൊഫൈൽ ചിത്രങ്ങൾ, ധനാകര്‍ഷണ യന്ത്ര ഗാഡ്ജറ്റുകൾ, കുബേര യന്ത്ര സ്പാം, വാജീകരണ യന്ത്ര ആപ്ലിക്കേഷൻ, ചരടുകൾ എന്നിവ  ചുരുങ്ങിയ ചിലവിൽ  ലഭിക്കാൻ സന്ദർശിക്കുക...
ഡോ: കുമ്പിടി സ്വാമി മുസ്ലിയാർ, ഓൺലൈൻ കൺസൽടന്റ്,

                                                 ഞങ്ങളുടെ  സേവനങ്ങൾ








മാന്ത്രിക ഏലസ് പ്രൊഫൈൽ

പ്രത്യേകം തയ്യാർ  ചെയ്ത ഫേസ്ബുക് , ഗൂഗിൾ പ്ലസ് പ്രൊഫൈലുകളാണിതു... മാന്ത്രിക താന്ത്രിക  പ്രോഗ്രാമിം  മന്ത്രങ്ങൾ ആവാഹിച്ച ഈ പ്രൊഫൈൽ നിങ്ങളുടെ അക്കൌണ്ടായി ഉപയോഗിക്കുക വഴി ഇന്റർനെറ്റ് സംബന്ധമായ  എല്ലാ കാര്യങ്ങൾക്കും ഫലപ്രാപ്ദി ഉണ്ടാകും.   ഓൺലൈൻ വഴി ചെയ്യുന്ന ജോലികൾക്ക് പെട്ടന്നു ഫലപ്രാപ്തി ഉണ്ടാവൽ, ഡൌൺലോഡിം വേഗത ക്രമാധീതമായി വർദ്ദിക്കുക, പ്രശസ്തരായ വെക്തികളുടെ ഫ്രണ്ട്സ് റിക്വസ്റ്റുകൾ ലഭിക്കുക,, ഫേസ്ബുക് വഴി ഉണ്ടാകുന്ന ദ്യഷ്ടി  ദോശം, പോസ്റ്റുകളിൽ  കമന്റിന്റെ കുറവ് , ഫേസ്ബുക്ക് വഴി ഉള്ള കണ്ണേറു , ലൈക്കുകളുടെ അഭാവം എന്നിവ മാറിക്കിട്ടാൻ ഈ മാന്ത്രിക പ്രൊഫൈൽ  ഉപകരിക്കും...

ലേഡീ ആകർഷണ യന്ത്രപ്രൊഫൈൽ ഫോട്ടോ

പുരുഷ ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു മാന്ത്രിക പ്രൊഫൈൽ ഫോട്ടോയാണിത്..  നിങ്ങളുടെ അക്കൌണ്ടിൽ  മഹിളാ രത്നങ്ങൾ ഇല്ലാ എന്നുണ്ടോ, അതോ നിങ്ങൾ കൊടുത്ത റിക്വസ്റ്റുകൾ മഹിളകൾ സീകരിക്കുന്നില്ല എന്നുണ്ടോ എങ്കിൽ നിങ്ങളുടെ ഒരു ഫോട്ടോ അയച്ചു തരിക...  ആ ഫോട്ടോയിൽ  നാരീ ആകർഷണ പ്രോഗ്രാമിം കോഡു വഴി ഹോമ മന്ത്രം നടത്തി  ഏലസ്സിന്റെ വാട്ടർമാർക്ക്  അടയാളപ്പെടുത്തി തരുന്നുതാണു...  ഈ ഫോട്ടോ നിങ്ങൾ പ്രൊഫൈൽ  ആയി ഉപയോഗിച്ചാൽ ഉടനടി ഫലപ്രാപ്തി ഉണ്ടാകും..

അനുഭവസ്തർ പറയുന്നത് ശ്രദ്ധിക്കുക “ ഞാൻ  സന്തോഷ് പണ്ഡിറ്റ്.. എന്റെ ഫേസ് ബുക പ്രൊഫൈലിൽ  ലേഡീസുകൾ ഇല്ലാത്ത കാരണം ഞാനാകെ വിഷമത്തിലായിരുന്നു... അപ്പോഴാണു  ലേഡീ ആകർഷണ ഫോട്ടോയെപറ്റി അറിയാൻ കഴിഞ്ഞത്... ഉടനെ ബുക്ക് ചെയ്തു... ഇപ്പോ എന്റെ അകൌണ്ടിൽ ദിവസവും നൂറുകണക്കിനു  സുന്ദരികളായ സ്ത്രീകളുടെ  റിക്വസ്റ്റ് വരും... ഞാനാകെ അൽഭുതപ്പെട്ടു പോയി...    ഐശ്വര്യ റായി, കരീനാ കപൂർ , മീരാജാസ്മിൻ എന്നിവരൊക്കെ ഇപ്പോ എന്റെ ഫ്രണ്ട്സ് ആണു.....”


ശത്രു സംഹാര  ഉറുക്ക് പ്രൊഫൈലുകൾ

ഫേസ്ബുക്ക് വഴി നിങ്ങളെ ആരെങ്കിലും ശല്യ പെടുത്തുകയോ കമന്റുകൾ വഴി പാര പണിയുകയോ മറ്റോ ചെയ്യുന്നുണ്ടോ..?  അതെല്ലെങ്കിൽ നിങ്ങളുടെ ശത്രുവിന്റെ അക്കൌണ്ടിലെ കമന്റുകളുടെയും ലൈക്കുകളുടെയും എണ്ണം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ..?? എങ്കിൽ  ശത്രു സംഹാര ഉറുക്ക് പ്രൊഫൈലുകൾ പരീക്ഷിക്കാവുന്നതാണു
അറബിക് മാന്ത്രിക പ്രോഗ്രാം കോഡുകളുടെ സഹായത്തോടെ  തയ്യാറാക്കിയ  കമ്പ്യൂട്ടറിൽ  ഉണ്ടാക്കിയെടുന്ന  ഉറുക്കിന്റെ ആപ്ലിക്കേഷൻ  പ്രൊഫൈലിൽ നിന്നും നിങ്ങളുടെ ശത്രുവിനു  റിക്വസ്റ്റ് അയക്കുക... നിങ്ങളുടെ റിക്വസ്റ്റ്  ശത്രു പ്രൊഫൈലിൽ എത്തിയാൽ ഉടനെ തന്നെ  ഫലപ്രാപ്തി കണ്ടു തുടങ്ങും...  ഗ്രൂപ്പിലെ മഹിളകളെല്ലാം  ലീവ് ചെയ്തു പോകുക,  കമന്റുകൾ എന്റെർ ആവാതിരിക്കുക..., ലൈക്കുകൽ  ലീക്ക് ആയി പോവുക തുടങ്ങിയ കാരണങ്ങൾ കൊണ്ട് ആ പ്രൊഫൈൽ നശിച്ചു പണ്ടാരമടങ്ങി പോകും..


ഹോമകുണ്ഡം സോഫ്റ്റ്വെയർ
നിങ്ങളുടെ  ഡെസ്ക് ടോപ്പിൽ വച്ചു തന്നെ പോസുകളെ  ഹോമം നടത്തി ഉഴിഞ്ഞെടുത്ത ശേഷം ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള സ്പെഷ്യൽ  ആപ്ലിക്കേഷൻ പാക്കേജുകൾ ഇപ്പോൾ ലഭ്യമാണു
ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ സജീവമാകുന്നവർക്ക് വേണ്ടിയുള്ളതാണിത്..  എത്ര പ്രധാനപ്പെട്ട പോസ്റ്റുകളണെങ്കിലും ചില സമയങ്ങളിൽ വേണ്ടത്ര  കമന്റുകൾ കിട്ടാതെ പോകാറുണ്ട്.. അത്തരം പ്രവണതകൾ മൂലം കഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള  ഡെസ്ക് ടോപ്പ് ഹോമം നടത്താനുള്ള സോഫ്റ്റവെയറാണിത്..   പോസ്റ്റു ചെയ്യാനുദ്ദേശിക്കുന്ന പോസ്റ്റുകൾ (ടെക്സ്റ്റ് , ഇമേജ്, വീഡിയോ)  ഹോമം കുണ്ഡം സോഫ്റ്റവെയറിൽ ഇമ്പോർട്ട്  ചെയ്ത് വലത്തെ ടാബിൽ കാണുന്ന “ കുമ്പിടി സ്വാമി” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.. ഹോമം പ്രോസസ് കഴിഞ്ഞ ശേഷം  പോസ്റ്റ് കോപ്പി ചെയ്ത്  എവിടെ വേണമെങ്കിലും പോസ്റ്റാവുന്നതാണു... നിങ്ങളുടേ പോസ്റ്റുകൾ എത്ര കൂതറയാണെങ്കിലും ശരി... കമന്റുകളും ലൈക്കുകളും  കുമിഞ്ഞു കൂടും...!! ഗ്രൂപ്പുകൾക്ക് അത്യുത്തമം...


കാമുകീ സംഹാര പൂജ (സ്ത്രീകൾക്ക് മാത്രം)

ഇരുപത്തിനാലു മണിക്കൂറും ഫേസ്ബുക്കിലും ബ്ലോഗിലും  ചിലവഴിച്ച്  കാമുകിമാരോട് ചാറ്റി  അവരെ പഞ്ചാര കമന്റുകൾ കൊണ്ട് വീർപ്പുമുട്ടിക്കുന്ന  ഭർത്താക്കാന്മാരെ ഒതുക്കാൻ  വീട്ടമ്മമ്മാർക്ക് വേണ്ടിയുള്ള ഒരു ശത്രു സംഹാര പൂജയാണിതു.   ഫേസ്ബുക്ക് സംഹാര പൂജയിലൂടെ നിങ്ങളുടെ ഭർത്താവിനെ ഫേസ്ബുക്കിന്റെ  കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കാം..  പ്രത്യേകം ഓൺലൈൻ പൂജകൾ വഴി തയ്യാറാക്കിയ  ഒരു മെസ്സേജ് നിങ്ങളുടെ  ഭർത്താവിന്റെ പ്രൊഫൈൽ വാളിൽ പോസ്റ്റുകയോ മെസ്സേജ് ആയി അയക്കുകയോ ചെയ്യുന്നതു വഴി  മേല്പറഞ്ഞ പ്രൊഫൈൽ ഉടമകൾക്ക് ഫേസ്ബുക്കിനോട് അലർജി,താല്പര്യ കുറവു എന്നിവമൂലം  എന്നെന്നേക്കുമായും ഫേസ്ബുക്ക് മാനിയ എന്ന ഈ അവസ്ഥയിൽ നിന്നും മോചനം നേടാവുന്നതാണു.. ചുരുക്കത്തിൽ കെട്ടിയോന്റെ ഫേസ്ബുക്ക് അക്കൌണ്ട് കോഞ്ഞാട്ടായി പോകാൻ വരെ ഇതിനു ശക്തിയുണ്ട്.


കമന്ററാകർഷണ എച്.ടി.എം.എൽ ഗാഡ്ജറ്റുകൾ

ബ്ലോഗുകൾക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത   എച്. ടി എം എൽ  ജാവാ  മാന്ത്രിക കോഡുകകളാണിതു...  ഈ കോഡുകൾ ഒരു  എം.ച്.ടി.എം.എൽ ഗാഡ്ജറ്റായി  ബ്ലോഗിന്റെ  ഇടത്തേ മൂലയിൽ  ഒരു  കോഴിമുട്ടയുടെ  ഫോട്ടോക്ക് താഴെ ആവാഹിച്ച് ആഡ് ചെയ്യുക...
ആ‍ളു  കയറാതെ ഉണങ്ങിക്കിടക്കുന്ന ബ്ലോഗുകളിൽ ഉടനെ തന്നെ ഫലപ്രാപ്തി വരും, ഓരോ പോസ്റ്റിനും വേണ്ട ആവറേജ്  കമന്റുകളുടെ എണ്ണം കൂടി പ്രോഗ്രാം മന്ത്രത്തിൽ ചേർത്തു കൊടുക്കാവുന്നതാണു..  കൂടാതെ ഫോളോവേഴ്സിന്റെ എണ്ണം ക്രമാധീതമായി വർധിക്കുന്നതായും  അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണു..


നാരീ ബ്ലോഗിണീ ആകർഷണ യന്ത്ര ഗാഡ്ജറ്റുകൾ (പുരുഷന്മാർക്ക് മാത്രം)

ലേഡി ബ്ലോഗിണിമാരെ ആകർഷിക്കാൻ വേണ്ടി മാത്രം ഉള്ള  ഗാഡ്ജറ്റാണിത്..  കാലിഫോർണിയയിലെ ആദ്യകാല പ്രോഗ്രാമറും പൂവാലനും  ആയിരുന്നു  അലക്സ്റ്റാണ്ടാർ ബില്ലി ജാവ എന്ന യാളുടെ പക്കൽ ഉള്ള താളിയോലകളിൽ നിന്നും കണ്ടെടുത്ത പ്രത്യേക  പ്രോഗ്രാമുകളാണു ഇതിൽ അടങ്ങിയിട്ടുള്ളത്....ബ്ലോഗീണീ  ഗാഡ്ഡ്ജറ്റുകൾ  ബ്ലോഗിലേക്ക് ആഡ് ചെയ്യുന്നത് വഴി   ലേഡി ബ്ലോഗിണിമാർ  നിങ്ങളുടെ പോസ്റ്റുകൾ വായിച്ച്  പുളകിതരാവുകകയും കമന്റുകൾ കൊണ്ട് പ്രണയലേഖനം തീർക്കുകയും  ബ്ലോഗിന്റെ ഫോളോവേഴ്സ് ആകുകയും ചെയ്യുന്നതാണു... നിങ്ങളുടെ പോസ്റ്റുകൾ അവരുടെ ഫേസ്ബുക്ക് വാളുകളിൽ ഷെയർ ചെയ്യാൻ വരെ അവർ താല്പര്യം കാണിക്കുന്നതായി കാണാം


ധനാകർഷണ യന്ത്രം.


നിങ്ങളുടെ ബ്ലോഗുകളെ തേടി ഗഡാഗഡിയന്മാരായ  പരസ്യങ്ങൾ വരാനുള്ള  യന്ത്രമാണിതു..  ഈ യന്ത്രം നിങ്ങളുടേ ബ്ലോഗിന്റെ ഏതെങ്കിലും ഒരു പേജിലേക്ക്  ഓൺലൈൻ പൂജാകർമ്മങ്ങൾ ആവാഹിക്കുന്നതാണു.,  അനന്തരം പേജിൽ കൊടുത്തിരിക്കുന്ന നിങ്ങളുടെ ഈമെയിൽ അഡ്രസിലേക്ക്  പരസ്യം അനുവാദം ചോദിച്ച് വിദേശ കമ്പനികൾ അടക്കം മെയിൽ അയക്കുന്നതായി കാണാം...!!. കൂടാതെ   പബ്ലിഷ് ചെയ്ത പരസ്യങ്ങളിൽ  ഹിറ്റുകളുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്നതായും  അനുഭവസ്ഥർ  സാക്ഷ്യപ്പെടുത്തുന്നു...


                                                          മറ്റു സേവനങ്ങൾ
:

പ്രശ്നങ്ങൾ..
കണ്ണേറ്
ശത്രുസംഹാരം
കൈവിഷം
കരിനാക്ക്
വിവാഹതടസ്സം
ദാമ്പത്യപ്രശ്നങ്ങൾ
പരീക്ഷാ പേടി
പാരകൾ

പരിഹാരങ്ങൾ
ഹൈക്കുലിസ്സിഹാം അറബിക് മാന്ത്രികം

മദനകാമേശ്വരി ഓൺലൈൻ  ഏലസുകൾ
സുരദേവതാ മാന്ത്രിക ഓൺലൈൻ ഏലസുകൾ
ധനാഘർഷണ ഓൺലൈൻ യന്ത്രം
ചരടുകൾ
ഓൺലൈൻ സിഹ്റ് (മാരണം)


ദാമ്പത്യ പ്രശ്നങ്ങൾ/പ്രണയ നൈരാശ്യം/അപകീർത്തിപെടുത്തൽ

ഫേസ്ബുക്ക് മൂലം കുടുംബം  കുളം തോണ്ടുക ,  നിങ്ങളെ അപകീർത്തി പെടുത്തുന്ന രീ‍തിയിൽ പോസ്റ്റുകൾ പ്രചരിക്കുക, ധന നഷ്ടം ഉണ്ടാവുക, പ്രണയിനി കാലു വാരുക, തുടങ്ങി എല്ലാ പ്രശ്നങ്ങൾക്കും വേണ്ടി പ്രത്യേകം പ്രോഗ്രാം ചെയ്ത  മാന്ത്രിക  താന്ത്രിക വിദ്യകളും , ഹോമ പൂജകളും,  നിങ്ങളുടെ ഭാര്യ  അല്ലെങ്കിൽ ഭർത്താവിന്റെ  ഇന്റർനെറ്റ് വഴിയുള്ള അവിഹിത ബന്ധങ്ങൾ  കുളം തോണ്ടാൻ  മണിക്കൂറുകൾ മാത്രം മതി..

ശാരീരിക പ്രശ്നങ്ങൾ...

മുഴുവൻ സമയം ഇന്റർനെറ്റിൽ ചാറ്റിം ചെയ്യുന്നതു മൂലം ഉണ്ടാകുന്ന  “ടൈപ്പോമാനിയ കീബോർഡീയ്യ” ( എപ്പോഴും കൈകൾ ടൈപ്പു ചെയ്യാൻ വിതുമ്പികൊണ്ടിരിക്കുന്ന അവസ്ഥ) എന്ന രോഗത്തിന്റെ ക്ഷമനത്തിനായി അരയിൽ കെട്ടാവുന്ന നാടൻ ഉറുക്കുകൾ..     ഇത്തരം രോഗം ഉള്ളവർ ഉറക്കത്തിലും ടൈപ്പ് ചെയ്യാൻ ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.. , 
കൂടാതെ കണ്ണീന്റെ ഫ്യൂസ്  പോകൽ , ബാക്ക് പെയിൻ, തലവേദന തുടങ്ങിയ  കമ്പ്യൂട്ടറൈസ്ഡ് സൈഡ് എഫ്ക്റ്റുകൾക്ക് വേണ്ടി    റെഗുലർ   മാന്ത്രിക ഏലസ് , മന്ത്രിച്ചൂതിയ ചരടുകൾ, അറബിക് താന്ത്രിക വിദ്യകൊണ്ട്  തയ്യാർ ചെയ്ത ഉറുക്കുകൾ, വെഞ്ചരിച്ചു കെട്ടൽ.. തുടങ്ങിയ എല്ലാവിധ സേവനങ്ങളും ലഭ്യമാണു.(തപാൽ വഴി)

മുകളിൽ പറഞ്ഞ എല്ലാ സേവനങ്ങളും ഉത്തരവാദിത്തോടെ ചെയ്തു കൊടുക്കുന്നു.. ഇരുപത്തിനാലു മണിക്കൂറും ഓൺലൈൻ സേവനം.. ( ഡൌൺലോഡിം, തപാൽ ചാർജുകൾ ബാധം)

                                                  

                                                   ഇന്റർവിലാസം
                                                   ഫേസ്ബുക് പി.ഒ
                                                   ബൂലോകം


(ദീർഘ നാളത്തെ മന്ത്രവാദ പ്രോഗ്രാമിം വഴി നിർമിക്കുന്ന ഏലസ്സുകളാണു എന്നതിനാൽ ആവശ്യക്കാർ മുൻ കൂട്ടി ബുക്ക് ചെയ്യേണ്ടതാണു..)

പ്രതിഫലം, ക്രഡിറ്റ് കാർഡ് ആയി മാത്രമേ സീകരിക്കൂ.. ഓരോ സേവനങ്ങക്കും  വിശദമായ പരിശോദനകൾക്ക് ശേഷം മാത്രമേ  ഫീസ് നിശ്ചയിക്കുകയുള്ളൂ...